വസ്തു വാങ്ങുമ്പോൾ പരിശോധിക്കേണ്ട രേഖകൾ എന്തൊക്കെ?

ഒരു വസ്തു വാങ്ങുമ്പോൾ ചില ഡോക്യുമെന്റുകൾ ഒറിജിനൽതന്നെ നമ്മൾ കാണേണ്ടതുണ്ട്.

  • ആധാരം
  • വസ്തുവിന്റെ മുന്നാധാരം.
  • വസ്തുവിനെ പറ്റി പരാമർശിച്ചിട്ടുള്ള മുന്നാധാരങ്ങളുടെ സർട്ടിഫിക്കറ്റ് കോപ്പി. (ആധാരത്തിലും മുന്നാധാരത്തിലും ഒരുപക്ഷേ വിവിധ ആധാരങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ടാകും. ഈ ആധാരങ്ങളുടെ എല്ലാം കോപ്പി ആവശ്യമാണ്)
  • ഉടമസ്ഥന്റെ പേരിലേക്ക് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ചെയ്തു കരമടച്ച രസീത് (അത് അന്നേദിവസം വരെയുള്ളത് പ്രത്യേകം ചോദിച്ച് വാങ്ങേണ്ടതാണ്)
  • Encumbrance certificate അഥവാ കുടികിട സർട്ടിഫിക്കറ്റ്: കുടികിട സർട്ടിഫിക്കറ്റിൽ നിന്ന് ഈ വസ്തുവിന്റെ മുകളിൽ മറ്റാർക്കെങ്കിലും അവകാശമുണ്ടോ, ക്രയവിക്രയം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ, കോടതിയുടെയോ മറ്റോ എന്തെങ്കിലും വിധി ഈ വസ്തുവിന്മേൽ ഉണ്ടോ എന്നെല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കുടികിട സർട്ടിഫിക്കറ്റ് പരിശോധിക്കുമ്പോൾ ആധാരത്തിൽ പറഞ്ഞിരിക്കുന്നതും 13 വർഷം മുമ്പ് വരെയുള്ള കുടികിട സർട്ടിഫിക്കറ്റ് എങ്കിലും പരിശോധിക്കേണ്ടതുണ്ട്. അതുപോലെ വില്ലേജ് ഓഫീസറിൽ നിന്നും Possession certificate അഥവാ കൈവശാവകാശ  സർട്ടിഫിക്കറ്റും നമ്മൾ വാങ്ങേണ്ടതുണ്ട്.)
  • വില്ലേജ് ഓഫീസറുടെ സാക്ഷ്യത്തോടെയുള്ള സൈറ്റ് പ്ലാൻ.
  • succession certificate:  ഒരുപക്ഷേ ആധാരത്തിന്റെ ഉടമസ്ഥൻ ചിലപ്പോൾ ജീവിച്ചിരിപ്പുണ്ടാവുകയില്ല. അങ്ങനെയാണെങ്കിൽ അവകാശികൾ ആര് എന്ന് കാണിക്കാൻ വേണ്ടിയുള്ള succession certificate തീർച്ചയായും നമ്മൾ വാങ്ങിയിരിക്കണം. അതുപോലെ ആധാരത്തിലെ ഉടമസ്ഥൻ ഒരു പ്രായപൂർത്തിയാകാത്ത വ്യക്തി ആയിരിക്കാം. അങ്ങനെയാണെങ്കിൽ ഒരു Guardian നെ നിയമിച്ചിട്ടുള്ള കോടതിയുടെ ഉത്തരവ് അനിവാര്യമാണ്.
  • ആധാരം ബാങ്കിൽ പണയത്തിലാണെങ്കിൽ ബാങ്കിൻറെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. വാങ്ങുന്ന സ്ഥലം കൃഷിഭൂമിയാണെങ്കിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കൃഷിഭൂമി നികത്തുന്നതിന്  കേരള ലാൻഡ് utilization ഓർഡർ പ്രകാരം ആർ. ഡി.ഒ യിൽ നിന്ന് സമ്മതം വാങ്ങേണ്ടതുണ്ട്. സമ്മതം ലഭിച്ചില്ലെങ്കിൽ പാടം നികത്തുവാനോ അവിടെ നിർമാണപ്രവർത്തനങ്ങൾ നടത്തുവാനോ സാധിക്കുകയില്ല.
  • ചില സ്ഥലത്തിനു മുകളിലൂടെ ഓവർ വോൾട്ടേജ് ഇലക്ട്രിക് ലൈനുകൾ കടന്നുപോകാറുണ്ട് അങ്ങനെ കടന്നു പോവുകയാണെങ്കിൽ കെട്ടിടം നിർമ്മിക്കുമ്പോൾ വൈദ്യുതി ലൈനുകളിൽ നിന്ന് നിർദ്ദിഷ്ട അകലം പാലിക്കണം. എയർപോർട്ടിന്റെ 2.4 കിലോമീറ്റർ ചുറ്റളവിനുള്ളി ലാണ് നിർമ്മാണപ്രവർത്തനം എങ്കിൽ എയർപോർട്ട് അതോറിറ്റിയുടെ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട് .റെയിൽവേ ലൈനിൽ നിന്ന് 30 മീറ്ററിനുള്ളിൽ ആണ് നിർമ്മാണപ്രവർത്തനം എങ്കിൽ റെയിൽവേയുടെ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.

അതുകൊണ്ട് വസ്തു വാങ്ങുമ്പോൾ എല്ലാ ഡോക്യൂമെന്റുകളും ഒരു നിയമ വിദഗ്ധനെ കാണിച്ചതിനു ശേഷം വ്യക്തമായ നിയമോപദേശം ലഭിച്ചതിനുശേഷം മുന്നോട്ടുപോവുക. മറ്റുള്ളവരുടെ ചതി കുഴിയിൽ നിന്ന് നമുക്ക് രക്ഷ നേടാം.

 

phone